കഥ അറിയാത്ത ബലി മൃഗങ്ങൾ

 


സ്നേഹം നിറഞ്ഞ പ്രവാസി സുഹൃത്തുക്കളായ ക്നാനായ സഹോദരി സഹോദരങ്ങളെ,

“ ബന്ധങ്ങൾ വേർപിടാതെ” എന്നെ തലകെട്ടോടുകൂടി കോട്ടയം രൂപത നേതൃത്വം  ക്നാനായ കത്തോലിക്കാ സമുദായ അംഗങ്ങളുടെ ഒരു  കുടുംബ സംഗമം November മാസം രണ്ടാം തീയതി  ഉച്ചതിരിഞ്ഞ്  കോട്ടയം പോലീസ് പരേഡ്  ഗ്രൗണ്ടിൽ വെച്ച് മെഗാ മാർഗംകളിയുടെ  നിറപ്പകിട്ടോടുകൂടി നടത്തുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. 

നാടിളക്കി പ്രചരണം നടത്തി, ഇടവക ജനങ്ങളുടെ സമുദായ സ്നേഹവും വികാരവും മുതലാക്കിക്കൊണ്ട്  വെള്ളയും വെള്ളയും ഉടുപ്പിച്ഛ് തലപ്പാവും ചുറ്റിയ പുരുഷ കേസരി മാരും, KCWA നേതൃത്വത്തിന്റെ  ആഗ്രഹത്തിനൊത്ത  സാരിയുടുത്ത് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് കടന്നുവരുന്ന സഹോദരിമാരും ഓർക്കുക  വ്യത്യസ്തങ്ങളായ രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരുടെ മുൻപിൽ നമ്മെ അണിനിരത്തി,  സമുദായത്തിന്റെ ശക്തി പ്രകടനം നടത്തുന്നത് വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള ഒരു വിലപേശൽ തന്ത്രത്തിന്റെ ബാക്കിപത്രമാണ്.  സത്യത്തിൽ ക്നാനായ സമുദായത്തിന്റെ ഒരുമയുടെയും  തനിമയുടെയും പാരമ്പര്യത്തെ ഒക്കെ തൂക്കി വിൽക്കുന്ന ഒരു പ്ലാറ്റ്ഫോം ആണിത്. 

“ബന്ധങ്ങൾ വേർപിടാതെ” എന്ന തലക്കെട്ട് വെറും ബാനറുകളിൽ  മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.  മൂലക്കാട്ട് മെത്രാന്റെയും കെസിസി  അതിരൂപത നേതാക്കന്മാരുടെയും നാളിതുവരെയുള്ള  പ്രവർത്തനങ്ങൾ ക്നാനായ സമുദായ അംഗങ്ങളെ പരസ്പരം ചിതറിക്കുകയും സമുദായത്തെ നശിപ്പിക്കുകയും ചെയ്യുക എന്ന പച്ച പരമാർത്ഥം നാം ഓരോരുത്തർക്കും തിരിച്ചറിയണം.. 

യുകെയിലുള്ള സമുദായ സ്നേഹികളായ പ്രവാസി ക്നാനായ സുഹൃത്തുക്കളെ, 57 യൂണിറ്റുകളിലായി  നിറഞ്ഞുനിൽക്കുന്ന UKKCA അംഗങ്ങളെ ഒന്നോർക്കുക….  നിങ്ങളുടെപൊന്നോമന മക്കളെയാണ് കോട്ടയം രൂപതയിൽ നിന്നും ക്നാനായ യാക്കോബായ  സമുദായത്തിലേക്ക് ഈ മെത്രാനും കൂട്ടരും അടിച്ചോടിച്ചത്.  വിദേശത്ത് ജീവിക്കുന്ന നിങ്ങൾക്ക്  ഇതിനെതിരെ കോട്ടയത്ത് വന്ന് പ്രതിഷേധം രേഖപ്പെടുത്തുവാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന നിങ്ങളുടെ  കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും അയൽവാസികളും താമസിക്കുന്നത് മധ്യതിരുവിതാംകൂറിലും മലബാറിന്റെ മണ്ണിലും ആണെന്ന് യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ. നാട്ടിലുള്ള നിങ്ങളുടെ ബന്ധുമിത്രാദികളുടെ ഏത് ആവശ്യത്തിനും  കയ്യും മെയ്യും മറന്ന്  സഹായിക്കുന്നവരാണ് പ്രവാസികളായ ഓരോ ക്നാനായക്കാരും. എന്നാൽ പ്രവാസികളായ നമ്മളുടെ മക്കളുടെ കൂദാശകൾ നിഷേധിക്കുകയും,  നമ്മളെ വടക്കുംഭാഗം രൂപതയിൽ ചേർക്കുവാൻ കോട്ടയം രൂപത മെത്രാൻ കാണിക്കുന്ന കുതന്ത്രങ്ങൾ നമ്മുടെ കുടുംബക്കാരെയും ബന്ധുമിത്രാദികളെയും പറഞ്ഞു മനസ്സിലാക്കുക എന്നത് പ്രവാസികളായ നമ്മുടെ ഉത്തരവാദിത്വമാണ്. പ്രവാസികളെ വേണ്ടാത്ത കോട്ടയം രൂപത നേതൃത്വത്തിന്റെ ഒരു പ്രവർത്തനങ്ങളിലും നാട്ടിലുള്ള കുടുംബാംഗങ്ങൾ സഹകരിക്കരുത് എന്ന് നിങ്ങളുടെ  കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും പറഞ്ഞ് മനസ്സിലാക്കുക.  എന്നിട്ടും രൂപതയോട് സഹകരിച്ച്  നവംബർ രണ്ടിന് കോട്ടയത്തിനു വണ്ടി  കയറുന്നവർ  ബന്ധങ്ങൾ വളർത്തുകയല്ല മറിച്ച് മുറിക്കുകയാണ് ചെയ്യുന്നത്. പ്രവാസികൾക്ക് ‘നെല്ലിനെയും  പതിരിനെയും’  തിരിച്ചറിയുവാനുള്ള ഒരു അവസരം കൂടിയാണ് ഇത്.

ബന്ധങ്ങൾ  വേർപിടാതെ സൂക്ഷിക്കേണ്ടത്  കുടുംബാംഗങ്ങളും,   അൽമായരും തമ്മിലാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെ വിദേശത്തുള്ള പ്രവാസികളും നാട്ടിലുള്ള കുടുംബാംഗങ്ങളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.  ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുവാനും പ്രവർത്തിക്കുവാനും സർവ്വശക്തൻ ഓരോ ക്നാനായ കാരൻറെ ബുദ്ധിക്ക് വെളിച്ചം നൽകട്ടെ….  

 - സാജൻ കുന്നുംപുറത്ത്


Post a Comment

Previous Post Next Post