കോട്ടയം അതിരൂപതാ അധ്യക്ഷന്റെ കസേര എല്ലാ ചന്തിക്കും ചേരുന്ന ക്ഷുരകന്റെ കസേര അല്ല. അതിന് ചില വ്യവസ്ഥകൾ ഒക്കെയുണ്ട്. അയാൾ സമുദായ സ്നേഹിയും സമുദായത്തെ പോറ്റുന്നവരും സമുദായത്തിൽ വെള്ളം ചേർക്കാത്തവനും ആയിരിക്കണം. കഴിഞ്ഞ ഞായറാഴ്ച ഉഴവൂർ പള്ളിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ മാർ മൂലക്കാട്ട് വളരെ ഗോപ്യമായി പറഞ്ഞു നടന്ന വിവരക്കേട് പരസ്യമായി പറഞ്ഞിരിക്കുന്നു.1911ൽ കോട്ടയം വികാരിയത്ത് സ്ഥാപിച്ചുകൊണ്ട് മാർപാപ്പ തന്ന ബുളായിൽ എൻഡോഗമി എന്ന വാക്ക് ഇല്ലന്ന അസംബന്ധമാണ് ആവർത്തിച്ചിരിക്കുന്നത്. തെക്കുംഭാഗ ജനത്തിന് വേണ്ടി എന്ന് ബുളായിൽ എഴുതിയാൽ എൻഡോഗമി എന്ന് പ്രത്യേകം എഴുതേണ്ടതില്ലന്ന് മനസ്സിലാക്കാനുള്ള വിവരം മെത്രാന് ഇല്ലാതെ പോയതിൽ സമുദായം പരിതപിക്കുന്നു. പ്രസവമുറി എന്ന് എഴുതിയാൽ അവിടം സ്ത്രീകൾക്ക് മാത്രമുള്ളതാണെന്നും മാർ മൂലക്കാട്ട് OSB ക്ക് അറിയില്ലത്രെ.
ഉഴവൂർ ഇടവകാഗമായ കാനാട്ട് വീട്ടിൽ പ്രൊഫ: ബേബി സാർ സമുദായത്തിന് അതിരൂപത കിട്ടിയ ചരിത്രം പറഞ്ഞുകൊടുത്ത് മെത്രാനെ പ്രബോധിപ്പിച്ചിട്ടുണ്ട്. പോത്തിനോട് വേദം പറഞ്ഞിട്ട് കാര്യമില്ലന്ന ചൊല്ല് ഇവിടെയും അന്വർത്ഥമാകാനാണ് സാധ്യത.
ബേബി സാർ പറയും പോലെ പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ് മെത്രാൻ. തെക്കുംഭാഗ ജനത്തെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കുവാനാണ് മെത്രാന്റെ ശ്രമം. എറണാകുളം മോഡൽ കലാപം ഉണ്ടായാൽ തെക്കുംഭാഗ ജനത്തെ പരസ്യ വിചാരണക്ക് ഇട്ടു കൊടുക്കാം ഓറിയൻറൽ കോൺഗ്രിഗേഷൻ ഇടപെടും സീറോ മലബാർ ഇടപെടും അങ്ങനെ അതിരൂപതയെ തന്നെ ഇല്ലാതാക്കാം എന്ന് മാർ മൂലക്കാട്ട് വ്യാമോഹിച്ചിരിക്കുന്നു. അതുവഴി തന്റെ ലക്ഷ്യവും സാധിക്കാം എന്നാണ് അദ്ദേഹത്തിന്റെ വിചാരം.
കഴിഞ്ഞ കാൽ നൂറ്റാണ്ടുകൊണ്ട് തെക്കുംഭാഗ ജനത്തിന് മെത്രാൻഏൽപ്പിച്ച ഡാമേജിനെ കുറിച്ചുള്ള ഉഴവൂർ ഇടവകക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ നടത്തിയ പ്രസ്താവനയാണ് മാർപാപ്പ തന്ന ബൂളായിൽ എൻഡോഗ്മി എന്ന വാക്കില്ലന്ന ക്രൂരമായ പ്രസ്താവന. അതുകൊണ്ടൊന്നും തെക്കുംഭാഗ ജനത്തെ പ്രകോപിപ്പിക്കാനാവില്ല. പൂർവപിതാക്കന്മാർ പളുങ്കുപാത്രത്തിൽ കൈമാറി തന്ന എൻഡോഗ്മിയും ചരിത്രവും സംസ്കാരവും വംശീയതയും മൂലക്കാട്ടു മെത്രാന്റെ ഉടായിപ്പ് തന്ത്രത്തിൽ വീണ് പൊട്ടിച്ചുകളയാൻ സമുദായം തയ്യാറല്ല. സമുദായത്തിന്റെ ശക്തമായ നിലനിൽപ്പാണ് ദൃഢമായ വിശ്വാസത്തിന് നിദാനമെന്ന് ഇദ്ദേഹത്തിന് അറിഞ്ഞുകൂടാ.
ബേബി സാർ പറഞ്ഞതുപോലെ നമ്മൾ പ്രതിഷേധിക്കേണ്ടത് ഇടവകയിലാണ് മേൽപ്പട്ടക്കാരന്റെ വിശുദ്ധ നുണയെ പട്ടക്കാരൻ അംഗീകരിക്കുന്നുണ്ടോ എന്നായിരിക്കണം നമ്മുടെ ചോദ്യം. മെത്രാന്റെ കരം പിരിവുകാരായ വില്ലേജ് വികാരിമാരിലൂടെ നമ്മുടെ പ്രതിഷേധം അതിരൂപതാ കേന്ദ്രത്തിൽ എത്തണം. വികാരിക്കും കപ്പൃാർക്കും ഉള്ള ശമ്പളം, മെഴുകുതിരി ഓസ്തി കരണ്ട്ചാർജ് അതിനുള്ള പൈസയെ സ്തോത്രക്കാഴ്ച ഇടാവൂ. അരമന കൊണ്ടുപോകുന്ന "തിരുട്ടുഫീസ്" ഇനി കൊടുക്കരുത്.
മെത്രാന് ഇടവകയിൽ അവകാശം പറയാൻ ഒന്നുമില്ല. ചുറുചുറുക്കുള്ള ഒരു ചെക്കനെ സെമിനാരിയിലേക്ക് കൊടുക്കുന്നു. അവന് പഠിക്കാനുള്ള ചെലവും സമുദായക്കാരാണ് വഹിക്കുന്നത്. മെത്രാൻ തലയിൽ കൈവച്ച് കൊച്ചച്ചനെ സ്വന്തമാക്കി വരുമാനമാർഗ്ഗമാക്കുന്നു. എന്നിട്ട് മുതലാളിത്തത്തിന്റെ വങ്കത്തരം കാണിക്കുന്നു. മതി മതി സമുദായ ശത്രുവായ മാർ മൂലക്കാട്ട് വിചാരിക്കുന്ന ഇടവകയിലെ അവകാശത്തിന്മേലും നമ്മൾ കൈവെച്ചേ മതിയാകു. പള്ളി സന്ദർശിക്കുന്ന മെത്രാനെ ബഹിഷ്കരിക്കുക നിസ്സഹരിക്കുക.
ശത്രുക്കളുടെ കൈകളിൽ നിന്നും തെക്കുംഭാഗ ജനത്തെ മോചിപ്പിച്ച് കിടപ്പാടവും വിലാസവും ഉണ്ടാക്കിത്തന്ന മാർ മത്തായിമാക്കീൽ മുതൽ സമുദായത്തെ സംരക്ഷിച്ച മാർകുന്നശ്ശേരി വരെയുള്ളവർ ഇരുന്ന കസേരയിൽ ഇരിക്കാൻ മാർ മത്തായി മൂലക്കാട്ട് യോഗ്യനല്ലന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.
17 ൽ അധികം നൂറ്റാണ്ട് ചരിത്രം ഉള്ള തെക്കുംഭാഗ ജനത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കേണ്ടത് ആസമുദായമാണെന്ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ 2003 ൽ ആവർത്തിച്ച് പറഞ്ഞതാണ്. സഭാ, സമുദായ ശുശ്രൂഷകനായി വന്ന മെത്രാന് സമുദായത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുവാൻ അധികാരമില്ല.
ചരിത്രത്തെ ഭയപ്പെടുന്നത് ഏകാധിപതികളാണ് അതുകൊണ്ടാണ് അവർ സ്മാരകങ്ങൾ തകർക്കുന്നത് "ഗുരുവചനം"
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ