തെക്കും ഭാഗർക്ക് വേണ്ടി മാത്രമായി, കാനോനികമായി; വി. പത്താം പീയൂസ് മാർപ്പാപ്പായാൽ സ്ഥാപിതമായിട്ടുള്ള കോട്ടയം രൂപതാ അംഗങ്ങളെ ഇന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ "ക്നാനായക്കാർക്ക് വേണ്ടി" എന്ന വ്യാജ പ്രചാരണത്തിലൂടെ, വടക്കുഭാഗ മെത്രാന്മാരുടെ കീഴിലായി സ്ഥാപിതമായിക്കൊണ്ടിരിക്കുന്ന, “പേര് കൊണ്ട് മാത്രം” ക്നാനായക്കാർക്ക് വേണ്ടിയുള്ള മിഷനുകളിൽ/ ഇടവകകളിൽ അംഗത്വം എടുക്കുവാൻ നിർബന്ധിക്കുന്നു. അത് വഴി തങ്ങളുടെ കോട്ടയം രൂപതാ അംഗത്വം നഷ്ടമാകും എന്ന കാരണത്താൽ അങ്ങനെ ചെയ്യുവാൻ വിസമ്മതിക്കുന്നവരുടെ കൂദാശകൾ മുടക്കുന്നതിനു കൂട്ട് നിൽക്കുന്നതുൾപ്പെടെ ചെയ്തു കൊണ്ട് സ്വ-വംശ വിവാഹ നിഷ്ഠയിൽ വേരൂന്നിയ കോട്ടയം രൂപതയുടെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കുവാൻ നമ്മുടെ തന്നെ വൈദീകരിലൂടെ കോട്ടയം അതി രൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ട് ശ്രമിക്കുന്നു എന്നത് വേദനാ ജനകമാണ്
ഇക്കാരണത്താൽ വിദേശങ്ങളിൽ ഉള്ള നമ്മുടെ സഹോദരങ്ങൾ തങ്ങളുടെ മക്കളുടെ കൂദാശകൾ സുഗമമായി ചെയ്തു കിട്ടുന്നതിന് കോട്ടയം രൂപത ഉപേക്ഷിച് വടക്കും ഭാഗ രൂപതകളിലേക്കും ക്നാനായ യാക്കോബായ സഭയിലേയ്ക്കും ചേക്കേറുവാൻ നിര്ബന്ധിതരാകുമ്പോൾ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നത് തീർത്തും ശരിയല്ല.
ഇത് കോട്ടയം രൂപതയോടും പ്രത്യേകിച്ച് തെക്കുംഭാഗ ജനതയോടും കോട്ടയം രൂപതാ മെത്രാനും നേതൃത്വവും കാണിക്കുന്ന നിരുത്തരവാദപൂർണമായ നിലപാടുകൾ കാരണമാണ് എന്ന് പറയേണ്ടി വരും
മെത്രാനച്ചന്റെയും വൈദികരുടെയും ഈ തരത്തിലുള്ള സമുദായ വിരുദ്ധ നിലപാടുകളിലും തീരുമാനങ്ങളിലും ഉടനടി തിരുത്തലുകൾ വരുത്തി, ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്
കത്തോലിക്കർ ലോകത്തിന്റെ ഏത് കോണിലായാലും അവർ ഏതു കത്തോലിക്കാ രൂപതകളിലെ അംഗമായാലും അവനാവശ്യമായ കൂദാശകൾ നടത്തി കൊടുക്കുന്ന കാര്യങ്ങളിൽ തടസങ്ങൾ പാടില്ല എന്ന തിരുസഭയുടെ ഉത്തരവ് നില നിൽക്കെ അത് നടത്തിക്കൊടുക്കുവാൻ വേണ്ട സാഹചര്യം കോട്ടയം അതിരൂപതാ മെത്രാൻ ഉടനടി തന്നെ സൃഷ്ടിക്കേണ്ടതാണ് അതിനു പകരം, ഏതെങ്കിലും ഒക്കെ രൂപതാ അംഗത്വ വിഷയത്തിന്മേൽ ശാഠ്യം പിടിച്ചും കൊണ്ട് സ്വന്തം സഹോദരങ്ങളുടെ മേൽ കൂദാശാ വിലക്കുകൾ തുടരുന്ന പക്ഷം , വിശ്വാസത്തെ പ്രതി നമ്മുടെ സഹോദരങ്ങൾ കൂടുതൽ കൂടുതൽ ആയി വടക്കുംഭാഗ രൂപതകളിലേക്കോ യാക്കോബായ സഭയിലേക്കോ ചേക്കേറി തുടങ്ങും , കൂടുതൽ കുടുമ്പങ്ങളെ കോട്ടയം രൂപതക്കു ഇനിയും നഷ്ടമാകും എന്ന് തിരിച്ചറിയുക.